ദർശനത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

വാട്ട്സാപ്പ് കൂട്ടായ്മയിലൂടെ ദർശനം സാംസ്കാരികവേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച സംഭാവനയ്ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. ജുലൈ 18-ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അംഗീകരിക്കപ്പെട്ടത്. കൂട്ടായ്മയിലേക്ക് സഹകരിച്ച എല്ലാവർക്കും ദർശനം പ്രവർത്തകരുടെ നന്ദി.

കൂടുതല്‍: ദര്‍ശനത്തിന്റെ CMDRF സമാഹരണം

കോളേജ് കോഴ്സുകള്‍ തിരഞ്ഞെടുക്കാം

കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളിലെ വിവിധ ബിരുദ കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ദര്‍ശനം വെബ്സൈറ്റില്‍ (www.darsanam.org) തയ്യാറാക്കി. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പലും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ഫിസിക്‌സ് വകുപ്പ് മേധാവിയുമായ പ്രൊഫ. വര്‍ഗീസ് മാത്യു തയ്യാറാക്കിയ വിവരങ്ങളടങ്ങിയ വെബ് പേജ് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.

http://www.darsanam.org/college-courses എന്ന ലിങ്ക് വഴി പേജിലേക്ക് പ്രവേശിക്കാം. http://www.darsanam.org/ ഏത് പേജില്‍ നിന്നും സെര്‍ച്ച് ചെയ്യാനുള്ള സംവിധാനമുണ്ട്. കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണിലും എളുപ്പത്തില്‍ സെര്‍ച്ച് ചെയ്യാന്‍ തക്ക രീതിയിലാണ് വെബ്സൈറ്റിന്റെ ഘടന.

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജ്  മാനേജര്‍ ഫാ. മോണ്‍. വിന്‍സന്റ് അറയ്ക്കല്‍, പ്രൊഫ. വര്‍ഗീസ് മാത്യ, ദര്‍ശനം ഗ്രന്ഥാലയം സെക്രട്ടറി കെ.പി. ജഗന്നാഥന്‍, ദര്‍ശനം യുവവേദി അംഗം കാവ്യ സുകുമാരന്‍, ദര്‍ശനം നിര്‍വാഹക സമിതി അംഗം സി.എച്ച്. സജീവ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ‌

സെന്റ് സേവ്യേഴ്‌സ് കോളേജ് സോഷ്യല്‍ സര്‍വീസ് ഫോറവും കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദിയും എന്‍.ആര്‍.ഐ. എഡ്യുക്കേഷണല്‍ ഗൈ‍ഡന്‍സ് സെന്ററും സഹകരിച്ചാണ് ഈ ഉദ്യമം പൂര്‍ത്തീകരിച്ചത്. കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളിലെ വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിലവിലുള്ള ഡിഗ്രി കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

വെബ്‌സൈറ്റില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലുള്ള വിവിധ കോളേജുകളും, ഇഷ്ടമുള്ള കോഴ്‌സുകളും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയില്‍ ബി.കോം കോഴ്‌സിന് ഒരു വിദ്യാര്‍ഥി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. വെബ്‌സൈറ്റില്‍ പ്രവേശിച്ച് ജില്ലയും കോഴ്‌സും സെലക്ട് ചെയ്ത് Search Colleges ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത ജില്ലയില്‍ ബി.കോം കോഴ്‌സ് നിലവിലുള്ള കോളേജുകളുടെ പേര് വിവരം ലഭിക്കും. ആവശ്യമുള്ള കോളേജ് ക്ലിക്ക് ചെയ്താല്‍ പൂര്‍ണ വിലാസം, ഫോണ്‍ നമ്പറുകള്‍, സ്റ്റാറ്റസ് (സ്വാശ്രയം, ഗവണ്‍മെന്റ്, എയ്ഡഡ് എന്നിവ), സീറ്റുകളുടെ എണ്ണം എന്നിവ അറിയാന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.darsanam.org/college-courses

വായനാപക്ഷാചരണം സമാപിച്ചു

ദര്‍ശനം സാംസ്കാരികവേദി ഗ്രന്ഥാലയം നടത്തിവന്ന വായനാ പക്ഷാചരണത്തിന്റെ സമാപനം നീറ്റ് പി.ജി. പ്രവേശന പരീക്ഷയില്‍ ദേശീയതലത്തില്‍ 232ഉം സംസ്ഥാനതലത്തില്‍ 32ഉം സ്ഥാനം നേടിയ ഡോ. അനുഗ്രഹ സുരേഷിന് ഉപഹാരം നല്‍കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും കോര്‍പറേഷന്‍ കൗണ്‍സിലറുമായ പി.കെ. ശാലിനി ഉദ്ഘാടനം ചെയ്തു.

ദര്‍ശനം വനിതാവേദി ചെയര്‍ പെഴ്സണ്‍ എം. തങ്കമണി അദ്ധ്യക്ഷയായി. കണ്‍വീനര്‍ പി.കെ. ശാന്ത, വനിത-വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്‍ വി. ജുലൈന എന്നിവര്‍ പ്രസംഗിച്ചു.

ഇക്കഴിഞ്ഞ MBBS പരീക്ഷയില്‍ ഗൈനക്കോളജി, ഓഫ്താല്‍മോളജി, പീഡിയാട്രിക്സ് എന്നിവയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഡോ. അനുഗ്രഹ ചെലവൂര്‍ രാരംപുനത്തില്‍ സുരേഷ് ബാബു, പ്രസന്ന സുധ എന്നിവരുടെ മകളാണ്.

ഹോം ലൈബ്രറി പുസ്തകങ്ങള്‍

സേവ് ഗ്രീൻ അഗ്രികൾചറിസ്റ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള സ്റ്റേറ്റ് ബുക്ക്മാർക്കും വായന ദിനത്തിന്റെ ഭാഗമായി തുടക്കമിടുന്ന 10000 രൂപ യുടെ പലിശ രഹിത വായ്പ ഹോം ലൈബ്രറി സ്ഥാപിക്കാൻ നൽകുന്ന പദ്ധതി റഹ്മാനിയ വൊക്കേഷണൽ ഹയര്‍ സെക്രണ്ടറി സ്കൂള്‍ പ്രിൻസിപ്പലും ദർശനം സാംസ്കാരികവേദി കമ്മിറ്റി അംഗവുമായ കെ.പി. ആഷിഖ് മാസ്റ്റർ എം ടി യിൽ നിന്ന് സ്വീകരിക്കുന്നു. പുസ്തക അലമാരയും വായനക്കാർ തെരഞ്ഞെടുക്കുന്ന പുസ്തകങ്ങൾക്കുമായി 10000 രൂപ പലിശ രഹിത വായ്പയായി നല്കും. ഒരു വർഷം കൊണ്ട് അടച്ചു തീർത്താൽ മതി.

സേവ് ഗ്രീന്‍ കേരള സ്റ്റേറ്റ് ബുക്ക് മാർക്കുമായി സഹകരിച്ച് നടപ്പിലാക്കുന്നതാണ് അക്ഷരപ്പച്ച പദ്ധതി. സേവ് ഗ്രീന്‍ പ്രസിഡൻറ് എം പി പിരജുൽ കുമാർ, വൈസ് പ്രസിഡൻറ് പി പി മുകുന്ദൻ, കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് മാനേജർ ജഗന്നാഥൻ കെപി, റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ പി ആഷിഖ് മാസ്റ്റർ ,കൊച്ചിൻ ബേക്കറി ചെയർമാൻ എം പി രമേശ്, ദർശനം സാംസ്കാരിക വേദി സെക്രട്ടറി ജോൺസൺ എം.എ, സേവ് ഗ്രീൻ സെക്രട്ടറി രാഗി രാജൻ ,സേവ് ഗ്രീൻ ഓർഗനൈസിംഗ് കൺവീനർ ടി കെ വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.

മിയാവാക്കി വന മാതൃക നിര്‍മ്മാണം

സംസ്ഥാന സർക്കാർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പിന്തുണയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ദർശനം സാംസ്കാരിക വേദി മിയാവാക്കി വന മാതൃക (മിനിയേച്ചർ ) നിര്‍മ്മിച്ചു.

ലെക്ച്ചർ തിയറ്റർ കോംപ്ലക്‌സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നെല്ലിമരതൈ നട്ട് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 50 ചതുരശ്ര അടി സ്ഥലത്ത് 22 വൃക്ഷങ്ങൾ നട്ട് പരിപാലിക്കുന്ന സൂക്ഷ്മ വനമാണിത്.

എം.എ. ജോണ്‍സണ്‍, എം.കെ. അനില്‍കുമാര്‍, കെ.കെ. സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.

ദര്‍ശനത്തിന്റെ CMDRF സമാഹരണം

കോവിഡ് 19 വ്യാപയന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദര്‍ശനം തുക കൈമാറി. ദര്‍ശനത്തിന്റെ വിവിധ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും അഭ്യുദയകാംക്ഷികളിലൂടെ സമാഹരിച്ച 52974 രൂപയാണ് നിധിയിലേക്ക് കൈമാറിയത്.

കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (ADM) ശ്രീമതി രോഷ്നി നാരായണന്‍ ദര്‍ശനം സാംസ്കാരിക വേദി സെക്രട്ടറി എം.എ. ജോണ്‍സണില്‍ നിന്ന് തുകയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ കെ.പി. ജഗന്നാഥന്‍, രാജപ്പന്‍ നായര്‍, സി.എച്ച്. സജീവ് കുമാര്‍, ദിപേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ദര്‍ശനം കൈമാറ്റ ചന്ത

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൌണിലായ നാടിന് സമാശ്വാസമായ ദര്‍ശനം സാംസ്കാരിക വേദി കൈമാറ്റ ചന്ത നടത്തി. വിവിധ വ്യക്തികള്‍ അവരവരുടെ വീടുകളിലെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ പച്ചക്കറികളും ഫലങ്ങളും സൌജന്യമായി എത്തിച്ച ശേഷം അവര്‍ക്കു വേണ്ട മറ്റു സാധനങ്ങള്‍ തിരഞ്ഞെടുക്കുന്ന സംവിധാനമായിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് നടത്തിയ പരിപാടിക്ക് മികച്ച പ്രതികരണം ലഭിച്ചു.

കോവിഡ് 19: അതിഥി തൊഴിലാളികള്‍ക്ക് കൈപ്പുസ്തകം

കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ പാലിക്കേണ്ട 20 മാര്‍ഗനിര്‍ദേശങ്ങള്‍ വിവിധ ഭാഷകളില്‍ ചേര്‍ത്തു തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) റോഷ്നി നാരായണന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വി.പി. രാജന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്രൊഫ. വര്‍ഗീസ് മാത്യു, ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണ്‍, പ്രതാപന്‍ തായാട്ട്, കെ.പി. ജഗന്നാഥന്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെയും കൈതപ്പൊയില്‍ ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആന്‍റ് ഹെല്‍ത്ത് സയന്‍സിന്റെയും സഹകരണത്തോടെ ഡോ. മേരി ജോസഫാണ് പുസ്തകം തയ്യാറാക്കിയത്. പ്രൊഫ. വര്‍ഗീസ് മാത്യുവാണ് പ്രസാധകന്‍. ദര്‍ശനം സാംസ്കാരികവേദിയുടെയും ഹരിതം ബുക്സിന്റെയും സഹകരണത്തോടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലാണ് കൈപ്പുസ്തകം പ്രസിദ്ധീകരിച്ചത്.

കവി പി.കെ. ഗോപിയ്ക്ക് അനുമോദനം

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവി പി.കെ. ഗോപിയെ ദര്‍ശനം പ്രവര്‍ത്തകര്‍ അനുമോദിച്ചു.

ദർശനം സെക്രട്ടറി എം.എ. ജോണ്‍സന്റെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകരില്‍ സി.എന്‍. സുഭദ്ര, കെ.കെ. സുകുമാരന്‍, കെ.പി. ജഗന്നാഥന്‍, കെ.പി. മോഹന്‍ദാസ് എന്നിവരും ഉണ്ടായിരുന്നു.