കോളേജ് കോഴ്സുകള്‍ തിരഞ്ഞെടുക്കാം

കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റികളിലെ വിവിധ ബിരുദ കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനം ദര്‍ശനം വെബ്സൈറ്റില്‍ (www.darsanam.org) തയ്യാറാക്കി. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പലും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ഫിസിക്‌സ് വകുപ്പ് മേധാവിയുമായ പ്രൊഫ. വര്‍ഗീസ് മാത്യു തയ്യാറാക്കിയ വിവരങ്ങളടങ്ങിയ വെബ് പേജ് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.

http://www.darsanam.org/college-courses എന്ന ലിങ്ക് വഴി പേജിലേക്ക് പ്രവേശിക്കാം. http://www.darsanam.org/ ഏത് പേജില്‍ നിന്നും സെര്‍ച്ച് ചെയ്യാനുള്ള സംവിധാനമുണ്ട്. കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണിലും എളുപ്പത്തില്‍ സെര്‍ച്ച് ചെയ്യാന്‍ തക്ക രീതിയിലാണ് വെബ്സൈറ്റിന്റെ ഘടന.

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജ്  മാനേജര്‍ ഫാ. മോണ്‍. വിന്‍സന്റ് അറയ്ക്കല്‍, പ്രൊഫ. വര്‍ഗീസ് മാത്യ, ദര്‍ശനം ഗ്രന്ഥാലയം സെക്രട്ടറി കെ.പി. ജഗന്നാഥന്‍, ദര്‍ശനം യുവവേദി അംഗം കാവ്യ സുകുമാരന്‍, ദര്‍ശനം നിര്‍വാഹക സമിതി അംഗം സി.എച്ച്. സജീവ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ‌

സെന്റ് സേവ്യേഴ്‌സ് കോളേജ് സോഷ്യല്‍ സര്‍വീസ് ഫോറവും കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദിയും എന്‍.ആര്‍.ഐ. എഡ്യുക്കേഷണല്‍ ഗൈ‍ഡന്‍സ് സെന്ററും സഹകരിച്ചാണ് ഈ ഉദ്യമം പൂര്‍ത്തീകരിച്ചത്. കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളിലെ വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിലവിലുള്ള ഡിഗ്രി കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

വെബ്‌സൈറ്റില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ കീഴിലുള്ള വിവിധ കോളേജുകളും, ഇഷ്ടമുള്ള കോഴ്‌സുകളും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയില്‍ ബി.കോം കോഴ്‌സിന് ഒരു വിദ്യാര്‍ഥി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. വെബ്‌സൈറ്റില്‍ പ്രവേശിച്ച് ജില്ലയും കോഴ്‌സും സെലക്ട് ചെയ്ത് Search Colleges ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത ജില്ലയില്‍ ബി.കോം കോഴ്‌സ് നിലവിലുള്ള കോളേജുകളുടെ പേര് വിവരം ലഭിക്കും. ആവശ്യമുള്ള കോളേജ് ക്ലിക്ക് ചെയ്താല്‍ പൂര്‍ണ വിലാസം, ഫോണ്‍ നമ്പറുകള്‍, സ്റ്റാറ്റസ് (സ്വാശ്രയം, ഗവണ്‍മെന്റ്, എയ്ഡഡ് എന്നിവ), സീറ്റുകളുടെ എണ്ണം എന്നിവ അറിയാന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.darsanam.org/college-courses

Darsanam
Author: Darsanam