കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പും, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലും നേതൃത്വം നല്കുന്ന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഗൈഡുമാരായ അദ്ധ്യാപകര്‍ക്കുള്ള ഏകദിന ശില്പശാല മീഞ്ചന്ത രാമകൃഷ്ണമിഷന്‍ സ്കൂളില്‍ സി-സ്റ്റെഡ് ഡയറക്ടര്‍ ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ സയന്‍സ് ക്ലബ് അസോസിയേഷന് സെക്രട്ടറി സി. ശശിധരന് അദ്ധ്യക്ഷത വഹിച്ചു.
ദേശീയ വിലയിരുത്തല്‍ സമിതി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്, സി-സ്റ്റെപ്പ് ഡയറക്ടര്‍ സിജേഷന് എന്‍. ദാസ്, കുര്യന് ജേക്കബ്, അജ്മല്‍ റോഷന്, രമേഷ് ബാബു പി., കെ.ജി. രഞ്ജിത്ത് രാജ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്സണ് സ്വാഗതം പറഞ്ഞു.
വരുന്ന രണ്ട് മാസങ്ങളില്‍ ഗൈഡ് ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ വീതം ചേര്‍ന്ന് മുഖ്യ വിഷയത്തിലും ഉപവിഷയങ്ങളിലും തയ്യാറാക്കുന്ന പ്രൊജക്ടുകളുടെ അവതരണം നവംബര്‍ 1, 2 തീയതികളില്‍ കോഴിക്കോട് നടക്കും.
പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 168 അധ്യാപകര്‍ സംബന്ധിച്ചു.
പ്രശസ്ത സാഹിത്യകാരനും എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. യു.ആര്. അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് ശില്പശാല തുടങ്ങിയത്.